ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്കുള്ള പിന്തുണ തേടിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചുള്ള ധവളപത്രം ജൂണിൽ പുറത്തിറക്കും.
കേന്ദ്ര സംസ്ഥാന ബന്ധത്തിലെ ചില പ്രശ്നങ്ങൾ ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തി. പരിഹരിക്കാമെന്ന് ഇരുവരും ഉറപ്പ് നൽകി. കടമെടുപ്പിന്റെ പരിധിയിൽ നിന്ന് ദേശീയ പാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ധവളപത്രം ഇറക്കിയ ശേഷം വിശദമായ പ്രോജക്ട് സമർപ്പിക്കും.
പിഎം ശ്രീ പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തിൽ നടപടി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേസന്വേഷണത്തിൽ നിരവധി അട്ടിമറികൾ ഉണ്ടായി. അജിത് കുമാറിന്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.